മലപ്പുറം: പ്രണയത്തിന്റെ പേരില്‍ മലപ്പുറത്തു യുവാവിനു നേരെ സദാചാര ഗുണ്ടായിസം. പാതായിക്കര സ്വദേശി നാഷിദ് അലിയെയാണു ശനിയാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ ഒരു സംഘം ആക്രമിച്ചത്.
യുവാവിന്റെ കൈയും കാലും ഇരുന്പുവടികൊണ്ട് അടിച്ചൊടിച്ചു. ദേഹത്തു കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. കാലില്‍ അക്രമികള്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ നാഷിദ് ഇപ്പോള്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തലകീഴായി തൂക്കിയിട്ടശേഷം തന്നെ മൂത്രം കുടിപ്പിച്ചെന്നും മര്‍ദനത്തിനുശേഷം ഇവര്‍ തന്നെയാണ് തന്റെ വീട്ടുകാരെ വിവരമറിയിച്ചതെന്നും നാഷിദ് പറയുന്നു. പ്രണയത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നും നാഷിദ് അലി ആരോപിച്ചു.
സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്നെ മര്‍ദിച്ച സംഘത്തിലെ ചിലരുടെ പേരുകള്‍ നാഷിദ് അലി പോലീസിനോടു പറഞ്ഞിട്ടുണ്ട്.

