സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലുള്ള ആള്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം വന്നത്. ഇന്ന് 7 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 387 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 167 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 97,464 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 96,942 പേര് വീടുകളിലും 522 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16,745 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16,002 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
387 പേര്‍ക്ക് രോഗബാധ ഉണ്ടായതില്‍ 264 പേര് വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. എട്ടു പേര് വിദേശികളാണ്. സമ്പര്‍ക്കം മൂലം രോഗമുണ്ടായത് 114 പേര്‍ക്ക്. ആലപ്പുഴ അഞ്ച്, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മലപ്പുറം 21, പാലക്കാട് 8, പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശൂര്‍ 13, വയനാട് 3 എന്നിങ്ങനെയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ത്യയില്‍ രോഗം ഭേദമായി തിരികെ പോകുന്നവരുടെ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 218 പേര്‍ക്കാണ് ഇവിടെ രോഗം പൂര്‍ണമായും ഭേദമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


