ബംഗളൂരു: കാട്ടുക്കൊള്ളക്കാരൻ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72 അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഉടൻ വിതരണം ചെയ്യണമെന്ന് കർണാടക ഹൈക്കോടതി. ചാമരാജനഗർ ഹനൂർ താലൂക്കിലെ എ.ശ്രീനിവാസ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ വിധി. 2005 ജൂലൈ എട്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനകം തുക കൈമാറാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കിടയിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ പാരിതോഷികം ലഭിച്ചവരും ഇപ്പോൾ കോടതിയെ സമീപിച്ച ഹർജിക്കാരും തുല്യ ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റിൽ 17 പേർക്ക് ആനുകൂല്യം നൽകാൻ മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി.


