ദുബൈ: നടി ഭാവനക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. ദുബൈയിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്. സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് വിസ കൈമാറിയത്. മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ നായിക അഞ്ജലി അമീറിനും ഇ.സി.എച്ച് സഹകരണത്തിലാണ് ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നത്.
നീണ്ട ഇടവേളക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ‘ആദം ജോണ്‍’ ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം. ഇടവേളയില്‍ ഒരു ഹ്രസ്വചിത്രത്തിലും ഏതാനും ഇതരഭാഷാ സിനിമകളിലും ഭാവന അഭിനയിച്ചിരുന്നു.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ സമ്മാനിക്കുന്നത്. 10 വര്‍ഷമാണ് യു.എ.ഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി. 2019 ജൂണിലാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു.