പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം കുറുപ്പിലെ ദുല്‍ഖര്‍ സല്മാന് പാടിയ ‘റോസമ്മ പെണ്ണേ’ എന്ന അടിപൊളി ഗാനം പുറത്തിറങ്ങി. കക്കോടന്‍ സുലൈമാന്‍ ഈണമിട്ട ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ടെറി ബത്തേരിയാണ്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘പകലിരവുകള്‍’ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നവംബര്‍ 12നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകള്‍ക്കകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്. അതിനാല്‍ തന്നെ കൂടുതല്‍ ഷോകള്‍ തിയറ്ററുകളില്‍ ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയ്ലറും കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെസംവിധാനം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 400 ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കു മുതല്‍ 35 കോടിയാണ്. മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


