പാലാ: ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ മെത്രാന്മാരുടെ സംഘമെത്തി. പാലാ സബജയിലെത്തിയാണ് മെത്രാന്മാര് ബിഷപ്പിനെ കണ്ടത്. പ്രാര്‍ത്ഥനാ സഹായത്തിനായാണ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാനെത്തിയതെന്ന് മെത്രാന്മാര് പറഞ്ഞു.

ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയിട്ടും കന്യാസ്ത്രീയുടെ വാദങ്ങളെ തള്ളിക്കളയുകയും ബിഷപ്പിനെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സഭ കൈക്കൊള്ളുന്നതെന്ന് കന്യാസ്ത്രീമാര്‍ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെത്രാന്മാരുടെ സംഘം ജയിലിലെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് മെത്രാന്മാര് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് പാലാ സബ് ജയിലിലെത്തിയത്.

ഫ്രാങ്കോ മുളയ്ക്കലിന് പൂര്‍ണ പിന്തുണയാണ് സഭ നല്‍കുന്നതെന്നാണ് മെത്രാന്മാരുടെ സന്ദര്‍ശനത്തോടെ ബോധ്യമായത്. ഞായറാഴ്ച ഇവര്‍ സബ് ജയിലില്‍ എത്തിയിരുന്നെങ്കിലും അവധി ദിവസമായതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. യേശു ക്രിസ്തുവിനെ കുരുശില്‍ തറച്ചത് തെറ്റ് ചെയ്തിട്ടാണോ എന്നായിരുന്നു സന്ദര്‍ശന ശേഷം മാര്‍ മാത്യു അറയ്ക്കലിന്റെ പ്രതികരണം.

ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റ്കാരനാണെന്ന് ആരും അനാവശ്യം പറയരുതെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും മെത്രാന് പറഞ്ഞു. കോടതി വിധി സ്വന്തമായി വിധിക്കാന്‍ ആരും നില്‍ക്കേണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികള്‍ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റ് ചെയ്തതവരാണോയെന്നും മാര്‍ മാത്യു അറയ്ക്കല്‍ ചോദിച്ചു.
ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധി പറയാനിരിക്കെയാണ് മെത്രാന്മാരുടെ സന്ദര്‍ശനം. ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ ഫ്രാങ്കോ മുളയ്ക്കലിന് പ്രത്യേക പരിഗണനകളൊന്നും നല്‍കുന്നില്ല. ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിക്കാന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും ജയിലിലെത്തിയിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാടെ മഠത്തില്‍ കഴിഞ്ഞ ദിവസം വൈദികനായ നിക്കോളാസ് മണിപ്പറമ്പിലും സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. വൈദികന് സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി കന്യാസ്ത്രികള്‍ ആരോപിച്ചു. കൊലക്കേസ് പ്രതിക്കൊപ്പമായിരുന്നു വൈദികന് മഠത്തില്‍ മഠത്തിലെത്തിയത്. കന്യാസ്ത്രീയെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് മലക്കം മറിയുകയും ചെയ്ത വൈദികനാണ് നിക്കോളാസ്.


