രാജ്യത്ത് കൊവിഡ് വാക്സിന് ആഴ്ചകള്‍ക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന് ആരംഭിക്കും.
വാക്സിന് വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, വിവിധ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കള്‍ പങ്കെടുത്തു. വാക്സിന് വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഴുതി നല്കാന് പ്രധാനമന്ത്രി നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.


