സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നാളെ സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാകുന്നതിന് മുന്നോടിയായാണ് നേതൃയോഗം. സ്വര്‍ണ്ണക്കടത്ത് , ലൈഫ് മിഷന്, കെ ടി ജലീല്‍ വിവാദങ്ങളില്‍ ബദല്‍ പ്രചാരണമാണ് പ്രധാന അജണ്ട.
പ്രതിപക്ഷത്തിനൊപ്പം മാധ്യമ വാര്‍ത്തകളെയും നേരിടാനുള്ള തന്ത്രങ്ങളും സിപിഎം ഒരുക്കുന്നുണ്ട്. മുസ്ലീംലീഗിനെതിരെ കൈക്കൊണ്ട തന്ത്രം വിജയിച്ചെങ്കിലും രാഷ്ട്രീയം വിട്ട് വര്‍ഗീയ കാര്‍ഡ് ഇറക്കിയതില്‍ വിമര്‍ശനം ഉയരുമോ എന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രി വിവാദങ്ങളെ നേരിട്ട രീതിയിലും ജലീലിനെതിരെയും സിപിഐ വിമര്‍ശനം നിലനില്‍ക്കെ ഉഭയകക്ഷി ചര്‍ച്ചവേണോ എന്നതും തീരുമാനിക്കും. സെക്രട്ടേറിയറ്റ് യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തും. കോവിഡ് ഭേദമായതിന് ശേഷം നിരീക്ഷണത്തില്‍ തുടരുന്ന മന്ത്രി ഇപി ജയരാജന് യോഗത്തിനെത്തില്ല.


