മന്ത്രി കെടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും. കയ്യാങ്കളി കേസിലെ തിരിച്ചടിയും, പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധിയും ചര്‍ച്ച ചെയ്തേക്കും.
പാലം പുനര്‍നിര്‍മ്മാണത്തിന്റെ ചെലവ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞില്‍ നിന്നും, കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടണമെന്നും സിപിഎം എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍മന്ത്രി നടത്തിയ അഴിമതി വ്യക്തമാകുന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി ശിക്ഷാനടപടി സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം നീണ്ട ഇടവേളക്ക് ശേഷം സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗവും ഇന്ന് തുടങ്ങും. യോഗത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കവും സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ തര്‍ക്കങ്ങള്‍ ഒഴിവാക്കി മുന്നണിയില്‍ യോജിപ്പോടെ നീങ്ങണമെന്ന സന്ദേശമാണ് നേതൃത്വത്തിനുള്ളത്. അതിനാല്‍ തന്നെ നിലവിലുള്ള വിവാദങ്ങളില്‍ സിപിഎമ്മിന്റെ വാദങ്ങളെ തള്ളാതെയാണ് സിപിഐയുടെ നിലപാട്. കണ്‍സള്‍ട്ടന്‍സി വിവാദങ്ങളില്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും സ്വര്‍ണ്ണക്കടത്ത്, ലൈഫ്, കെടി ജലീല്‍ വിവാദങ്ങളില്‍ സിപിഎമ്മിനെ തള്ളാതെയാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.
ഇതില്‍ എക്സിക്യൂട്ടീവിന്റെ പിന്തുണ കിട്ടുമോ എന്നതും നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ തര്‍ക്കങ്ങള്‍ ഒഴിവാക്കി മുന്നണിയില്‍ യോജിപ്പോടെ നീങ്ങണമെന്ന സന്ദേശമാണ് നേതൃത്വത്തിനുള്ളത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തോടുള്ള സമീപനവും ചര്‍ച്ചയാകും.


