നടി മിയ ജോര്‍ജ് വിവാഹിതയായി. ആഷ്വിന് ഫിലിപ്പാണ് വരന്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചാണ് വിവാഹം നടന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായിരിന്നു ചടങ്ങുകള്‍.
ആഗസ്റ്റ് 25നായിരുന്നു പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് മിയയുടെ മനസമ്മത ചടങ്ങുകള്‍ നടന്നത്. മിയയുടെ മനസമ്മതത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹം ആലോചിച്ചുറപ്പിച്ചതാണെന്ന് മിയയുടെ വീട്ടുകാര്‍ അറിയിച്ചിരുന്നു.
പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ ചെറു കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.


