കൊച്ചി: കോവിഡ് സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ശ്രീലങ്ക, വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്നുകൊടുക്കുന്നു. ഒരിടവേളക്ക് ശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലില്‍, ടൂറിസം രംഗവും അതോടൊപ്പം ശ്രീലങ്കന്‍ എയര്‍ലൈന്‍സും നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയിലെ പ്രധാന മേഖലയാണ് ടൂറിസം. പകര്‍ച്ചവ്യാധി പ്രതിസന്ധി ഘട്ടത്തില്‍ ടൂറിസം രംഗം വന്‍ തിരിച്ചടി നേരിട്ടെങ്കിലും പുതിയ നീക്കത്തോടെ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നടപടികളെ തുടര്‍ന്ന് കഴിഞ്ഞ എപ്രില്‍ ആദ്യത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ളതും പിന്തുണയുള്ളതുമായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിയെങ്കിലും മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയ ലങ്കന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനും, രാജ്യത്ത് കുടുങ്ങിയ ഇതര രാജ്യങ്ങളിലെ പൗരന്മാരെ മടക്കി അയക്കാനും ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും, അത്യാവശ്യ സുരക്ഷ ഉപകരണങ്ങള്‍, ചരക്ക് സാധനങ്ങള്‍ എന്നിവയുടെ കൈമാറ്റത്തിന് കാര്‍ഗോ സര്‍വീസ് സംവിധാനവും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഒരുക്കിയിരുന്നു. നിലവില്‍ ശ്രീലങ്കയിലെ കോവിഡ് സാഹചര്യം നിയന്ത്രിതമായതോടെയാണ് വീണ്ടും സര്‍വീസുകള്‍ പുനരാരംഭിക്കാനും രാജ്യത്തെ വീണ്ടും പുറം ലോകവുമായി ബന്ധിപ്പിക്കാനും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് തയാറെടുക്കുന്നത്.
യാത്രക്കാരുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി തങ്ങളുടെ വിമാനത്തിലും ടെര്‍മിനല്‍ സൗകര്യങ്ങളിലും ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിപുലമായ പ്രോട്ടോക്കോളുകള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നടപ്പാക്കിയിട്ടുണ്ട്. പ്രാദേശിക, ആഗോള വ്യോമയാന, ആരോഗ്യ, സുരക്ഷാ സംഘടനകളുടെ നിര്‍ദേശ പ്രകാരം ശാരീരിക അകലം, ഫെയ്സ്മാസ്കുകള്‍, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള മറ്റു സംരക്ഷണ ഉപകരണങ്ങള്‍, വിമാനങ്ങളും ടെര്‍മിനല്‍ പരിസരങ്ങളും അണുവിമുക്തമാക്കല്‍, ആരോഗ്യ പരിശോധന, കോണ്ടാക്റ്റ് ട്രേസിങ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ന്യായമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഞങ്ങളുടെ യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷ ഉറപ്പാക്കുമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ചെയര്‍മാനും ശ്രീലങ്കയിലെ മുന്‍നിര ബിസിനസ് ലീഡര്‍മാരില്‍ ഒരാളുമായ അശോക് പതിരേജ് പറഞ്ഞു. ഓരോ സര്‍വീസിന് മുമ്പും ശേഷവും എല്ലാ വിമാനവും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അണുവിമുക്തമാക്കും. വിന്‍ഡോ, സീറ്റ് ബെല്‍റ്റ്, ട്രേ ടേബിള്‍, ആം റെസ്റ്റ്, ഹാന്‍ഡ്സെറ്റ്, ഇന്‍ഫ്ളൈറ്റ് എന്റര്‍ടൈന്‍മെന്റ് ഡിസ്പ്ലേ, ലാവറ്ററി തുടങ്ങിയവ പൂര്‍ണമായും അണുവിമുക്തമാക്കും. ഓരോ വിമാനത്തിലും വ്യവസായ നിലവാരമുള്ള ഹോസ്പിറ്റല്‍ ഗ്രേഡ് ഹൈഎഫിഷ്യന്‍സി പാര്‍ട്ടിക്കുലേറ്റ് എയര്‍ ഫില്‍ട്ടറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വിമാനത്തിനകത്ത് പ്രദാനം ചെയ്യുന്ന വായുവിനെ അണുവിമുക്തമാക്കും. എല്ലാ ക്രൂ ജീവനക്കാരെയും പതിവായി പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷങ്ങള്‍ കണ്ടാല്‍ ഇവര്‍ക്ക് വീട്ടില്‍ തന്നെ തുടരാന്‍ കര്‍ശന നിര്‍ദേശം നല്‍കും. ഭക്ഷണം തയാറാക്കല്‍, കൈകാര്യം ചെയ്യല്‍ എന്നിവയിലും അതീവ ജാഗ്രത പുലര്‍ത്തും. ശാരീരിക സമ്പര്‍ക്കം കുറയ്ക്കുന്നതിന് ഇന്‍ഫ്ളൈറ്റ് ഡ്യൂട്ടി ഫ്രീ ഇനങ്ങള്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയെന്നും അശോക് പതിരേജ് അറിയിച്ചു.
വെല്ലുവിളികള്‍ക്കിടയിലും 2020ലെ വിപുലീകരണ ലക്ഷ്യം നിറവേറ്റാനുള്ള ഒരുക്കവും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നടത്തുന്നുണ്ട്. സിഡ്നി, ഇഞ്ചിയോണ്‍, ചെങ്ഡു തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വരും മാസങ്ങളില്‍ സര്‍വീസ് തുടങ്ങും. ഇന്ത്യ, ചൈന, യു.കെ തുടങ്ങിയ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവിലെ സര്‍വീസ് തുടരാനും ബന്ധം ശക്തിപ്പെടുത്താനും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് പദ്ധതിയുണ്ട്.


