ഇന്ത്യയില്‍ കോവിഡ് രോഗികളുടെ ആകെ എണ്ണം 22,68,676 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 871 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 45,257 ആയി വര്‍ധിച്ചു. രാജ്യത്ത് ഇതുവരെ 15,83,490 പേര് രോഗ മുക്തരായി. നിലവില്‍ 6,39,929 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കുടുതല്‍ രോഗികളുള്ളത്. തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. പുതിയ രോഗികളില്‍ 80 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്നെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,181, ആന്ധ്രയില്‍ 7,665, കര്‍ണാടകത്തില്‍ 4,267, തെലങ്കാനയില്‍ 1256, തമിഴ്നാട്ടില്‍ 5914 എന്നിങ്ങനെയാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം.

