കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിച്ചതായി കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന തല കോവിഡ് അവലോകന യോഗത്തില്‍ ആണ് ജില്ലയിലെ പരിശോധന വര്‍ധിപ്പിച്ചതായി അറിയിച്ചത്. ദിവസേന ശരാശരി 1000-1200 പരിശോധനകള്‍ ആണ് സര്‍ക്കാര്‍ മേഖലയില്‍ മാത്രമായി നടത്തുന്നുണ്ട്. ചെല്ലാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാ ആളുകളെയും ആരോഗ്യ വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനായി മെന്റല്‍ ഹെല്‍ത്ത് സംഘത്തിന്റെ സേവനം ചെല്ലാനത്ത് ഉറപ്പാക്കിയിട്ടുണ്ട്. പ്രദേശത്തു ടെലി മെഡിസിന് സംഘവും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. സൗജന്യ റേഷന്‍ വിതരണം പ്രദേശത്തു നടത്തി വരികയാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ആലുവയിലും കര്‍ശന പരിശോധനയും നിരീക്ഷണവും നടന്നുവരികയാണെന്നും കലക്ടര്‍ പറഞ്ഞു.

