കോവിഡ് അനന്തരകാലത്ത് ക്ലാസ്സ് മുറികളിലെ അധ്യയന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിന് വേണ്ടി നൂതന സാങ്കേതിക വിദ്യ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുന്ന എ കെ പി സി ടി എ യുടെ അധ്യാപക പരിശീലന പദ്ധതി ‘ഐ ടീച്ച്- അടയാത്ത ക്ലാസ്സ് മുറികള്‍, തുടരുന്ന വിദ്യാഭ്യാസം’ എന്ന പദ്ധതിക്ക് തുടക്കമായി. ഇ – ടീച്ചിങ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടമാണിത്. സംസ്ഥാന, സര്‍വ്വകലാശാല തലങ്ങളിലുള്ള പരിശീലനത്തിന് ശേഷം ജില്ലകളിലുള്ള പരിശീലനമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലാ പരിധിക്കകത്തെ സംഘടനാംഗങ്ങള്ക്കാണ് ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഓണ്‍ലൈനായി പരിശീലനം നല്‍കിയത്. ഇപ്പോഴത്തെ ഘട്ടത്തില്‍ മൂവായിരത്തോളം പേരാണ് പരിശീലനം ആരംഭിച്ചത്. ഇതില്‍ ഗസ്റ്റ് ലക്ചറര്മാര്, അണ് എയ്ഡഡ് കോളജധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പഠിതാക്കളാണ്. മൂന്നാം ഘട്ട പരിശീലനം കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ആയ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ.സി. പത്മനാഭന് അധ്യക്ഷനായി.കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍, എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ കെ പി സി ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ആര്.ഇന്ദുലാല്‍ സ്വാഗതവും ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.എം.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.


