ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 137 ആയി. കൊവിഡ് രാജ്യത്ത് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ.സി.എം.ആര് അറിയിച്ചു. പ്രതിരോധ നടപടികൾ ഊർജ്ജിതമായി തുടരാനാണ് സർക്കാർ തീരുമാനം. ഇപ്പോഴത്തെ രണ്ടാംഘട്ടത്തിൽ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാൽ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാൻ കൂടുതൽ കരുതൽ വേണമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോര്‍ മെഡിക്കൽ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു. പനിയോ, ചുമയോ, ജലദോഷമോ പോലുള്ള അസുഖങ്ങൾ ഉള്ളവര്‍ ഉടൻ തന്നെ ചികിത്സക്ക് വിധേയരാകണം.
മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, സ്വിറ്റസര്‍ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ മുൻകരുതലിന്റെ ഭാഗമായി അടച്ചു.


