കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ മണ്ടത്തരമാണ് കാട്ടിയതെന്ന് ചരിത്രകാരന് രാമചന്ദ്ര ഗുഹ. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കഠിനാധ്വാനം ചെയ്തു പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്കെതിരേ പിടിച്ചുനില്ക്കാന് പോലും ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ രാഹുലിനു കഴിയില്ലെന്നും ഗുഹ പറഞ്ഞു.
രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായ പ്രശ്നങ്ങളില്ല. അദ്ദേഹം വളരെ മാന്യനാണ്. നന്നായി പെരുമാറുന്നു. എന്നാല്‍ യുവ ഇന്ത്യക്ക് ഒരു കുടുംബത്തിലെ അഞ്ചാം തലമുറക്കാരനെ ആവശ്യമില്ല. കേരളം ഇന്ത്യക്കായി വലിയ കാര്യങ്ങള്‍ ചെയ്തിട്ടുള്ള സംസ്ഥാനമാണ്. രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ മണ്ടത്തരമാണ് കാട്ടിയത്. 2024-ലും അദ്ദേഹത്തെ മലയാളികള്‍ ജയിപ്പിച്ചാല്‍ നരേന്ദ്ര മോദിക്ക് അത് സഹായകമാകുമെന്ന് ഗുഹ പറഞ്ഞു.


