പീരുമേട്∙ നെടുങ്കണ്ടത്ത് കസ്റ്റഡി മർദനത്തിൽ മരിച്ച കുമാറിനെ പൊലീസ് മർദിച്ചത് മദ്യലഹരിയിലെന്ന് ക്രൈംബ്രാഞ്ച്. കുമാറിനെ ക്രൂരമായി മർദിച്ച നാലു ദിവസവും പൊലീസുകാർ മദ്യപിച്ചിരുന്നു. ഒരു ദിവസം പോലും കുമാറിനെ ഉറങ്ങാൻ അനുവദിച്ചിരുന്നില്ല. മാത്രമല്ല കുമാറിന്റെ രഹസ്യഭാഗങ്ങളിൽ സ്റ്റേഷൻവളപ്പിൽ നിന്നിരുന്ന കാന്താരി മുളക് അരച്ചു തേയ്ക്കുകയും ചെയ്തുവെന്ന് ക്രൈംബ്രാഞ്ച്.
അതേസമയം കസ്റ്റഡി മർദനം ഇടുക്കി എസ്പിയെ അറിയിച്ച ഉദ്യോഗസ്ഥനെ എസ്ഐ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് എസ്പിയെ വിവരമറിയിച്ചത്. എല്ലാം എസ്പിക്ക് അറിയാമെന്നും തനിക്ക് പ്രശ്നമല്ലെന്നും ഉദ്യോഗസ്ഥനോട് എസ്ഐ പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാല്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നതരെ അറിയിക്കുന്നതില്‍ സംസ്ഥാന ഇന്റലിജന്‍സ് ഗുരുതരമായ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

