പാലക്കാട്: അസമിൽനിന്നു കേരളത്തിലേക്കു മനുഷ്യക്കടത്തെന്നു പരാതി. സംഘത്തിൽനിന്നു രക്ഷപ്പെട്ട ഒരു പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും റെയിൽവേ പൊലീസും ഇടപെട്ടു സുരക്ഷിത താവളത്തിലേക്കു മാറ്റി. 5 പെൺകുട്ടികളെ അസം സ്വദേശിയായ സ്ത്രീ കേരളത്തിൽ എത്തിച്ചെന്നാണു സൂചന. മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം തുടരുന്നു. ഈ മാസം നാലിനു പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പെൺകുട്ടി രക്ഷപ്പെട്ടു പൊലീസിന്റെ പക്കലെത്തുകയായിരുന്നു.

കേരളത്തിലെ ഒരു പ്ലൈവുഡ് കമ്പനിയിലേക്കു ജോലിക്കെന്ന പേരിൽ എത്തിച്ച പെൺകുട്ടികളെ വിൽക്കാൻ ശ്രമമുണ്ടായെന്നാണു റെയിൽവേ പൊലീസിനു ലഭിച്ച സൂചന. റെയിൽവേ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും കുട്ടിയോടു വിവരങ്ങൾ തേടി. ജോലി സ്ഥലത്തു ദുരനഭവമുണ്ടായെന്നു പേടിച്ചാണു പൊലീസിന്റെ അടുത്തേക്ക് എത്തിയതെന്നു കുട്ടി പറഞ്ഞു. കുട്ടിയുടെ മൊഴിയുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എം. രാജേഷിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് മനുഷ്യക്കടത്തിനു കേസ് എടുത്തു. സിഡബ്ലിയുസി കുട്ടിക്കു കൗൺസലിങ് നൽകി.


