മലപ്പുറം: വളാഞ്ചേരിയില്‍ 17കാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന് കേസിനെ തുടര്‍ന്ന് ആദ്യം മുങ്ങിയത് ഇന്തോനേഷ്യയിലേക്ക്, ശേഷം അവിടെനിന്നും അബൂദാബിയിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത വിവരം പൊലീസിന് ലഭിച്ചു.

പ്രതി ആദ്യം ഇന്തോനേഷ്യയിലെത്തിയതിന് വ്യക്തമായ തെളിവ് ലഭിച്ചതായി കേസന്വേഷിക്കുന്ന വളാഞ്ചേരി എസ്.എച്ച്.ഒ എസ്പി. സുധീരന് വ്യക്തമാക്കി. എന്നാല്‍ പ്രതി ബസിനസ്സുമായി ബന്ധപ്പെട്ടു നിരവധി രാജ്യങ്ങളിയെ സ്ഥിരം സന്ദര്ശകന് ആയതിനാല്‍ തന്നെ നിലവില്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു.
പ്രതി അബൂദാബിയിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിട്ടുണ്ട്, എന്നാല്‍ പ്രതി ഇവിടെ നിന്നും മറ്റിടങ്ങളിലേക്കു പോകാനുള്ള സാധ്യതയും പൊലീസ് മൂന്‍കൂട്ടിക്കാണുന്നു. മലേഷ്യ, തായ്ലന്ഡ്, അബൂദാബി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതി ബിസിനസ്സ് ആവശ്യാര്‍ഥം പലപ്പോഴും സന്ദര്‍ശിക്കാറുള്ളതാണ്. ഇതിനാല്‍ തന്നെ പ്രതിക്ക് ഇവിടങ്ങളില്‍ നല്ല ബന്ധങ്ങള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ പ്രതി ഇന്ത്യയിലെ ഏതു വിമാനത്തവളങ്ങളില്‍ ഇറങ്ങിയാലും പിടികൂടാനുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയിട്ടുണ്ട്, ഇന്നലെയാണ് ലുക്കൗട്ട് നോട്ടീസ് വിമാനത്തവളങ്ങള്‍ക്ക് കൈമാറിയത്.
പ്രതിക്ക് മന്ത്രി ജലീലുമായി അടുത്ത ബന്ധമുണ്ടെന്നും, ജലീല്‍ പ്രതിയെ സഹായിച്ചതായും ആരോപിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി രംഗത്തുവന്നിരുന്നു. ഇതിനാല്‍തന്നെ ബാലികാ പീഡനം പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 12നു ഞായറാഴ്ച്ച മന്ത്രി വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചു.
രാവിലെ 9.30നു കാവുംപുറം സാഗര്‍ ഓഡിറ്റോറിയം പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎല്‍എ. ഉദ്ഘാടനം ചെയ്യും. വി.ടി.ബല്‍റാം എംഎല്‍എ. മുഖ്യപ്രഭഷണം നടത്തും. അഡ്വ.യു.എ. ലത്തീഫ്, അഡ്വ.വി.വി. പ്രകാശ്, പി.ടി. അജയ്മോഹന്, പ്രൊഫ. ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എംഎല്‍എ. തുടങ്ങിയ നേതാക്കള്‍ യൂത്ത് മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.


