ന്യൂഡല്‍ഹി : പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ധനെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു. ഇതിനായി ‘ബ്രിംഗ് ബാക്ക് അഭിനന്ദന്’ എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ കാമ്ബെയിനും ആരംഭിച്ചു.

പാക്കിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ എത്രയും വേഗം സുരക്ഷിതനായി തിരികെയെത്തിക്കണമെന്ന് ഇന്ത്യ നേരത്തെ താക്കീത് നല്‍കിയിരുന്നു. പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ജനീവ കണ്വന്ഷന് പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന് അഭിനന്ദന് വര്‍ദ്ധനോട് കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് എല്ലാ സുരക്ഷയും നല്‍കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനുണ്ടെന്നും അദ്ദേഹം സുരക്ഷിതനായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.
ഇന്ന് രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന് രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പാക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയായിരുന്നു.

