കൊച്ചി: ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകി എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി അഡ്വ. പി വി ശ്രീനിജൻ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന ശ്രീനിജൻ 2006 ൽ ഞാറക്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു.
2016 മുതൽ സി പി എം സഹയാത്രികനായ ശ്രീനിജൻ ഇക്കുറി പാർട്ടി മെമ്പർഷിപ്പിലുമുണ്ട്. ഫുട്ബോൾ അസോസിയേഷൻ ജില്ലാ വൈസ്പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം, സംസ്ഥാന ഒളിമ്പിക് അസോസിയഷൻ അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു.
സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ടീമിലും എം ജി സർവ്വകലാശാല ടീമിലും കളിച്ച ശ്രീനിജൻ എറണാകുളം ലോ കോളേജിൽ നിന്നാണ് എൽഎൽബി പൂർത്തിയാക്കിയത്. യുകെയിലെ നോർത്താംറ്റൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽഎൽഎമ്മും കരസ്ഥമാക്കി. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലക്യഷ്ണൻ്റെ മകൾ സോണിയാണ് ഭാര്യ. ചോയ്സ് സ്കൂൾ വിദ്യാർത്ഥികളായ കീർത്തന, ഹൃതിക എന്നിവരാണ് മക്കൾ.


