തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് സാങ്കേതിക പിഴവെന്ന പിഎസ്സി വാദം തെറ്റ്. 58 മാർക്കിന് മൂല്യനിർണയം നടത്താത്തത് ഉദ്യോഗസ്ഥ വീഴ്ചയെന്ന് പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് എസ്ഐടി കണ്ടെത്തി. ഡെമോ മൂല്യനിര്ണയത്തിലൂടെയാണ് കുറ്റകൃത്യം ബോധ്യപ്പെട്ടത്. മൂല്യ നിർണയത്തിലെ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നായിരുന്നു ചെയർമാൻ അടക്കമുള്ളവരുടെ വാദം.
ആസൂത്രണ ബോർഡ് പരീക്ഷയിൽ പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ ഹരി മൊഴി ആവർത്തിച്ചിരുന്നു. വരും ദിവസങ്ങളിൽ PSC-യിലെ കൂടുതൽ അംഗങ്ങളെ ചോദ്യം ചെയ്യാൻ തീരുമാനം. അതേസമയം രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി PSC ചെയർമാൻ എം ആർ ബൈജുവിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല.
പിഎസ്സി പരീക്ഷാ ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള തീരുമാനത്തിൽ അന്വേഷണസംഘം. പിഎസ്സി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസങ്ങളിലായി എസ്ഐടി വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. പിഎസ്സി ചെയർമാൻ എം ആർ ബൈജുവിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി സെക്രട്ടറി സാജു ജോർജ് മൊഴി നൽകിയിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എസ്ഐടി വിവരങ്ങൾ ശേഖരിക്കും.
അതേസമയം, ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയിട്ടും പി.എസ്.സി ഇതുവരെ നിയമനം റദ്ദാക്കിയിട്ടില്ല. പഴയ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും, ആദ്യ ലിസ്റ്റ് പ്രകാരം നിയമനം നേടിയ ആൾ സർവീസിൽ തുടരുകയാണ്. അരുൺ ജെ പ്രതാപിനെ മാറ്റുന്നതിൽ പി.എസ്.സി ഉടൻ തീരുമാനമെടുത്തേക്കില്ല.

