കൊച്ചി: പതിമൂന്നാം വയസിൽ ബന്ധുവിന്റെ ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി, ഇപ്പോൾ നിയമനടപടിയുമായി നീങ്ങുകയാണ്. ശരീരത്തിലെയും മനസിലെയും പീഡകളുടെ കാലം മറികടക്കാമെന്ന പ്രതീക്ഷയോടെയാണ് നിയമനടപടികളിലേക്ക് അവൾ കടന്നത്. കണ്ണിലൊരു കടൽ സങ്കടത്തോടെ അമേരിക്കയിൽ നിന്ന് വന്ന യുവതി കടന്നുപോയ കാലം പങ്കുവച്ചു.
13 വയസുമുതൽ 18 വയസ് വരെ ബന്ധു ഉപദ്രവിച്ചു. മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബന്ധുവിനെ ഭയമായിരുന്നുവെന്നും യുവതി പറയുന്നു. രാത്രി ഉപദ്രവിച്ചിട്ട് ആരും നിന്നെ വിശ്വസിക്കാൻ പോകുന്നില്ലെന്ന് അയാൾ പറയുമായിരുന്നുവെന്ന് യുവതി പറയുന്നു. അച്ഛന്റെ സ്ഥാനമാണെന്നായിരുന്നു അയാൾ പറഞ്ഞുകൊണ്ടിരുന്നത്. പുറത്തുപറഞ്ഞാൽ അനിയത്തിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന പതിനെട്ടാം വയസ്സിൽ ചേർത്തുപിടിച്ച് നിനക്കെന്തു പറ്റി എന്ന അമ്മാവൻറെ ചോദ്യത്തിൽ നടന്നതെല്ലാം അവൾ പറഞ്ഞു. അച്ഛനും അമ്മയും എല്ലാം അറിഞ്ഞു.അവളുടെ ഭാവി, തറവാടിന്റെ അഭിമാനം, അയാളോട് മാത്രം ആരും ഒന്നും ചോദിച്ചില്ല. നടന്നതൊക്കെയും തൻ്റെ വീട്ടുകാരോട് എങ്കിലും ഏറ്റു പറയണം എന്ന് ഒരിക്കൽ അവൾ അയാളോട് ആവശ്യപ്പെട്ടു. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ ഇന്നുണ്ട്.
ഇനി മറ്റൊരാൾക്കും ഇത് സംഭവിക്കരുതെന്നും മറ്റാരും അനുഭവിക്കാൻ പാടില്ലെന്നും പെൺകുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത്. എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നും കൗൺസിലിംഗ് തുടരുന്നുണ്ട്. പതിമൂന്നാം വയസ്സിൽ അനുഭവിച്ച ഉള്ളൂലയുന്ന വേദനയിൽ നിന്ന് പുറത്തു കടക്കാനുള്ള യാത്രയിലാണ് യുവതി.

