ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധം. ഇന്ത്യ ഗേറ്റിന് സമീപം നിരോധനാജ്ഞ മറികടന്ന ആം ആദ്മി പാർട്ടി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്കുള്ള ആം ആദ്മിയുടെ പ്രതിഷേധ മാർച്ച് പോലീസ് തടയുന്ന സാഹചര്യം ഉണ്ടായി. പൊലീസ് ബസിന് മുകളിൽ കയറി നിന്ന് പ്രതിഷേധക്കാർ പ്രതിഷേധം നടത്തി.
അതിനിടെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ഡൽഹിയിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബിഎൻഎസ് വകുപ്പുകൾ ചുമത്തി. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ എഫ്ഐആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

