തിരുവനന്തപുരം: പുകപരിശോധനയ്ക്കായി കെഎസ്ആർടിസി ബസ് ഇരുന്നൂറ് കിലോമീറ്ററോളം സഞ്ചരിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് സിഎംഡി. മെക്കാനിക്കൽ വിഭാഗത്തോട് റിപ്പോർട്ട് തേടി. പുക പരിശോധനയ്ക്കായി പത്തനംതിട്ടയിൽ നിന്ന് പ്രിയദർശിനി ബസ് തിരുവനന്തപുരത്ത് എത്തിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും സിഎംഡി വ്യക്തമാക്കി.
500 രൂപ ലാഭിക്കാൻ വേണ്ടിയുള്ള ബസ് യാത്രക്ക് ചെലവായത് പതിനായിരത്തിലധികം രൂപയാണ്. പത്തനംതിട്ട ഡിപ്പോയിലെ RNE 654 എന്ന ബസ് പുക പരിശോധനയ്ക്കായി വികാസ് ഭവനിൽ എത്തിയത്. പരിശോധനയ്ക്കുശേഷം തിരികെ പത്തനംതിട്ടയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കും തുടർന്ന് പത്തനംതിട്ടയിലേക്കും 200 ഓളം കിലോമീറ്റർ ആളുകളെ കയറ്റാതെ ഡഡ് ഡ്യൂട്ടി ആയിട്ടായിരുന്നു യാത്ര. സ്വകാര്യ സ്ഥാപനങ്ങളിൽ എവിടെയെങ്കിലും പുക പരിശോധനയ്ക്ക് അനുമതിയുണ്ട്. അനുമതി നിലനിൽക്കെയാണ് ബസ്സുമായി പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്.
സ്വകാര്യ സ്ഥാപനങ്ങളിൽ 500 രൂപയ്ക്ക് താഴെ നടത്തേണ്ട പരിശോധനയ്ക്ക് നിലവിൽ പതിനായിരത്തിൽ അധികം രൂപ കെഎസ്ആർടിസി ചെലവായിരിക്കുകയാണ്. ബസ്സിലെ ഡീസൽ, ഡ്രൈവറുടെ ശമ്പളം അടക്കമാണ് ചെലവ്. പുക പരിശോധനയ്ക്കായി പത്തനംതിട്ട ജില്ലയിൽ കെഎസ്ആർടിസിക്ക് സംവിധാനമില്ലെന്നതും ഈ ദീർഘദൂര യാത്രയ്ക്ക് കാരണമാണ്. സ്ഥിരം ഇങ്ങനെ പതിനായിരങ്ങൾ ചെലവാക്കി ബസ്സുകൾ പുക പരിശോധനയ്ക്കായി തിരുവനന്തപുരത്ത് അയക്കാറുണ്ട് എന്നാണ് അധികൃതരുടെ വിശദീകരണം. ഒപ്പം സി എഫ് ടെസ്റ്റ് പാസാകാത്തത് കൊണ്ടാണ് യാത്രക്കാരെ കയറ്റാത്തത് എന്നും പത്തനംതിട്ട ഡിപ്പോ അധികൃതർ അറിയിച്ചിരുന്നു.

