കണ്ണൂർ: ആഡംബര കാർ യാത്ര വിവാദത്തിൽ മന്ത്രി കെഎം ഷാജിയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. വിമർശിക്കാൻ മറ്റൊന്നുമില്ലാത്തതുകൊണ്ടാണ് കാറിന്റെ പേരിൽ മന്ത്രി കെഎം ഷാജിയെ വിമർശിക്കുന്നത്. സർക്കാർ വാഹനം ഉപയോഗിക്കാതെ മന്ത്രികെഎം ഷാജി സർക്കാരിന്റെ പൈസ ലാഭിക്കുകയാണ്. സൗജന്യമല്ല സൗകര്യമാണ് അത്. സൗജന്യവും സൗകര്യവും രണ്ടും രണ്ടാണെന്ന് മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. മന്ത്രിമാർ വിദേശ യാത്ര നടത്തിയത് സർക്കാർ ചിലവിൽ അല്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
സർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റക്ക് പകരം കണ്ണൂർ തില്ലങ്കേരി സ്വദേശിയും കെ.എം.സി.സി നേതാവുമായ യാക്കൂബിന്റെ റേഞ്ച് റോവർ കെ.എം ഷാജി ഔദ്യോഗിക വാഹനമായി ഉപയോഗിച്ചത് വിവാദമായിരുന്നു. തുടർന്ന് മൂന്ന് ദിവസം മുൻപാണ് കെ.എം ഷാജി റേഞ്ച് റോവർ തിരികെ എല്പിച്ചത്. പിന്നാലെയാണ് ഫെസ്ബുക്ക് വഴിയുള്ള പ്രതികരണം. റേഞ്ച് റോവർ താൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. നടപടി ക്രമങ്ങൾ പാലിച്ച് സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി കെഎം ഷാജി പറഞ്ഞു.

