മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. നാല് പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഊർജ്ജിതമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് അപ്രതീക്ഷിതമായി വലിയ തോതിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ടികെ കോളനിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട രണ്ട് പേരെ നാട്ടുകാർ തൽസമയം രക്ഷപ്പെടുത്തി.
വണ്ടൂരിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അഞ്ചംഗ യുവാക്കളുടെ സംഘവും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു. പുഴക്കരയിലെത്തിയ സംഘത്തിലെ നാല് പേർ കുളിക്കാനിറങ്ങിയ സമയത്താണ് പൊടുന്നനെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കാണാതായവരിൽ ഒരു യുവതിയുമുണ്ട്.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദുരന്തനിവാരണ സേനയും കൂടുതൽ പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രദേശം പൂർണ്ണമായും അധികൃതർ അടച്ചിടുകയും പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

