തിരുവനന്തപുരം: മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. എസ്ഐടിയിൽ പതിനഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടുകൾ സംഘത്തിന് കൈമാറി. കൂടുതൽ റിപ്പോർട്ടുകളും രേഖകളും ഉടൻ കൈമാറും. വരും ദിവസങ്ങളിൽ വിപുലമായ അന്വേഷണത്തിലേക്ക് കടക്കാനൊരുങ്ങി എസ്.ഐ.ടി.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടും, നികുതി വകുപ്പ് എസ്ഐടി കണ്ടെത്തലും പരിശോധിച്ച ശേഷമാണ് എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ പുതിയ നീക്കം. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വഴി നടന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിൽ സർക്കാർ സംവിധാനങ്ങൾ ഗുണം പറ്റിയിട്ടുണ്ടോ എന്നാണു അന്വേഷിക്കുന്നത്. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ, തട്ടിപ്പിൽ ഇടപെട്ട ഉദ്യോഗസ്ഥർ, സ്പെയിൻ യാത്രയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ എന്നിവരെ കേന്ദ്രീകരിച്ചാണ് പരിശോധന.
ഡിപിആർ പെരുപ്പിച്ചു കാണിച്ചെന്നും, വരുമാനം കണക്കാക്കിയതിൽ കള്ളകളി നടന്നെന്നും കായിക വകുപ്പ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. രണ്ടു എസ്.ഐ.റ്റികൾ അന്വേഷിക്കുന്നുവെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരണമെന്നും മുഖ്യമന്ത്രി. എസ്ടി യുമായി ബന്ധപ്പെട്ട നോട്ടീസ് ആദ്യം അയച്ചത് കഴിഞ്ഞ സർക്കാരാണെന്ന് മുൻ മന്ത്രി വി അബ്ദുറഹിമാൻ തിരിച്ചടിച്ചു. അർജന്റീന ടീം പണം വാങ്ങി വഞ്ചിച്ചെന്നും സാമ്പത്തിക ഇടപാടിൽ ഒരു തെറ്റും നടന്നിട്ടില്ലെന്നും മറുപടി.

