കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ അറവു മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ട് അടച്ചുപൂട്ടാനുള്ള കരാറിൽ ഒപ്പിട്ടു. കമ്പനി ഉടമകളും സമരസമിതി നേതാക്കളും തമ്മിലാണ് കരാർ ഒപ്പിട്ടത്. 2027 മാർച്ച് 31 വരെ ഫ്രഷ്കട്ട് താമരശേരിയിൽ പ്രവർത്തിക്കും. ഇതിനുശേഷം മറ്റൊരു ഇടത്തേക്ക് കമ്പനി മാറ്റി സ്ഥാപിക്കും. കൊടുവള്ളി എംഎൽഎ പി കെ ഫിറോസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഫ്രഷ് കട്ടിന് പൂട്ട് വീഴുന്നത്.
ഇതോടെ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. 2026 ആഗസ്റ്റ് 8ന് താമരശ്ശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ എംഎൽഎമാരായ പി.കെ ഫിറോസ്, സി.കെ കാസിം, എം.എ റസാഖ് മാസ്റ്റർ, മുൻ മന്ത്രി ഡോ. എം.കെ മുനീർ എന്നിവരുടെയും ഫ്രഷ് കട്ട് പ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നു. ഇതിന് പിന്നാലെ ആഗസ്റ്റ് 19ന് തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലും നടന്ന ചർച്ചയുടെയും അടിസ്ഥാനത്തിലാണ് അന്തിമ ധാരണയിൽ എത്തിയത്.
2027 മാർച്ച് 31ന് മുമ്പായി നിലവിലെ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ച് ഡിസ്മാന്റിൽ ചെയ്യും. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് വരെ, നിലവിലെ പ്ലാന്റ് 2026 ആഗസ്റ്റ് 27 മുതൽ വീണ്ടും താൽക്കാലികമായി പ്രവർത്തിക്കും. എന്നാൽ പ്രതിദിനം 25 ടൺ മാലിന്യം മാത്രമേ ഇവിടെ സംസ്കരിക്കാൻ പാടുള്ളൂ.

