കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ് മാസത്തെ നഷ്ടപരിഹാരമാണ് നൽകുകയെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
ഇരുപത്തിയാറാം തീയതി തന്നെ ശമ്പളം നൽകാൻ കമ്പനി സമ്മതിച്ചു. ജീവനക്കാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ കമ്പനി നൽകും. മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽ നൽകാമെന്ന വാഗ്ദാനം ജീവനക്കാർ നിഷേധിച്ചു. ജീവനക്കാർക്ക് മുൻപോട്ടുള്ള തൊഴിൽ സാധ്യതകൾ സർക്കാർ തേടും.
ജീവനക്കാരുടെ താത്പര്യം മുൻനിർത്തിയാണ് ചർച്ചകൾ നടന്നത്. തൊഴിലാളി സംഘടനകളും ചർച്ചയിൽ പങ്കെടുത്തിരുന്നു.
കേരളത്തിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ അധികാരികളും ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുകയും കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. സർക്കാരിന്റെയും ബന്ധപ്പെട്ട തൊഴിൽ വകുപ്പിന്റെയും കർശനമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടന്ന ചർച്ചയിൽ ജീവനക്കാരുടെ കൂടി താത്പര്യം പരിഗണിച്ചുകൊണ്ട് കമ്പനി തീരുമാനം അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. 2 ജില്ലകളിലായി പ്രവർത്തിച്ചിരുന്ന കോറോ ഹെൽത്തിലെ 900-ത്തോളം ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോറോ ഹെൽത്ത്. ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെൽത്ത് ടെക്ക് സ്ഥാപനം. കുത്തകമുതലാളിത്ത സ്ഥാപനമെന്ന ക്ലീഷേ പദം ഉപയോഗിക്കാവുന്ന എല്ലാ പ്രവണതയും പേറുന്ന കോറോ ഹെൽത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് പൗരൻമാരാണ് സ്ഥിരം ജീവനക്കാർ. ജോലി സമ്മർദവും, തൊഴിൽ ചൂഴണം വരെ നടക്കുന്നു എന്ന് തൊഴിലാളികൾ തന്നെ പഴിക്കുന്ന സ്ഥാപനം 5 വർഷം മുമ്പാണ് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.


