കണ്ണൂര്‍ തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ഥാനാര്‍ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നുവെന്നാണ് എം എം ബേബിയുടെ പരാമര്‍ശം. പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു എന്നാണ് വിമര്‍ശനം. മലപ്പുറം അരീക്കോട് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ ആയിരുന്നു ബേബിയുടെ പ്രതികരണം.
ഒരു നേതാവുമായി ബന്ധപ്പെട്ടയാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരം നല്കുമെങ്കില് അതൊഴിവാക്കാനുള്ള ഔചിത്യം നേതാവ് തന്നെ കാണിക്കണമെന്നാണ് എം എ ബേബിയുടെ വാക്കുകള്‍. ഒരാള്‍ സ്വന്തം അര്‍ഹത കൊണ്ട് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരുടെ ബന്ധുത്വം പറഞ്ഞു ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാര്‍ട്ടി പോകേണ്ടതില്ല. എന്നാല്‍, ഒരു നേതാവുമായി ബന്ധപ്പട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ മൊത്തത്തില്‍ കടന്നാക്രമിക്കാന്‍ മാധ്യമങ്ങള്‍ക്കു അവസരം നല്‍കുമെന്ന് തോന്നുകയാണെങ്കില്‍ അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. അവിടെ താനുമായി ബന്ധപ്പെട്ട ഒരാള്‍ക്ക് പകരം മറ്റൊരാള്‍ മതി എന്ന് തീരുമാനിക്കാന്‍ നേതാവ് തന്നെ മുന്‍കൈ എടുക്കുന്നതാണ് ശരിയായ രീതി – അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ഉണ്ടായ ഒരു സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന സ്വയം വിമര്‍ശനം കണ്ണൂര്‍ ജില്ല കമ്മറ്റി നടത്തുകയും അത് സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബേബി പറഞ്ഞു.ദുഷ്പ്രചാരണങ്ങള്‍ നടത്തുമെന്ന് കണ്ടുകൊണ്ട് നമ്മള് പാലിക്കേണ്ട കരുതലും ശ്രദ്ധയും ഉണ്ടാകണം – അദ്ദേഹം വ്യക്തമാക്കി.


