ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (OSM) മൂല്യനിർണ്ണയത്തിനായുള്ള ടെൻഡർ നടപടികളിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രൊഫഷണൽ ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ സ്കാൻ ചെയ്തതെന്ന പുതിയ ആരോപണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കുമെതിരെ രംഗത്തെത്തിയത്. ഡിജിറ്റൽ മൂല്യനിർണയത്തിലെ വീഴ്ചകൾക്കെതിരെ പരസ്യമായി രംഗത്തുവന്ന വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്, രാഹുൽ ഗാന്ധിയുടെ പ്രതികരണം. മാമ്പഴത്തെ കുറിച്ച് പറയുന്ന പ്രധാനമന്ത്രി, 18.5 ലക്ഷം കുട്ടികളുടെ ആശങ്കകളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മൻ കി ബാത്തിൽ പ്രധാനമന്ത്രി മാമ്പഴത്തെ കുറിച്ച് പരാമർശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ടെൻഡർ നടപടികളിലെ പ്രധാന സാങ്കേതിക നിബന്ധനകളിൽ ഇളവ് വരുത്തിക്കൊണ്ട് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയെന്നും ഇവരാണ് ഉത്തര കടലാസുകൾ സ്കാൻ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതെന്നും രാഹുൽ ഗാന്ധി എക്സിൽ ആരോപിച്ചു. 2025 മേയിലെ സിബിഎസ്ഇ ടെൻഡർ പ്രകാരം കുറഞ്ഞത് 300 ഡിപിഐ റെസല്യൂഷനിൽ, ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിക്കണമായിരുന്നു. എന്നാൽ ഓഗസ്റ്റിൽ വീണ്ടും പുറത്തിറക്കിയ ടെൻഡറിൽ ഈ നിബന്ധനകളെല്ലാം സിബിഎസ്ഇ ഒഴിവാക്കുകയായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പ്രത്യേക കമ്പനിയെ സഹായിക്കാൻ വേണ്ടി മാത്രമാണ് ബോർഡ് ടെൻഡർ നിബന്ധനകളിൽ മാറ്റം വരുത്തിയതെന്നും ഇതോടെ ഈ അഴിമതിയിൽ സിബിഎസ്ഇയും പങ്കാളിയായി മാറിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സ്കാനറുകളുടെ ഗുണനിലവാരവും റെസല്യൂഷനും 200 ഡിപിഐ ആയി കുറച്ചതിന്റെ അനന്തരഫലമാണ് മങ്ങിയ കോപ്പികളും വിട്ടുപോയ പേജുകളുമെന്നും ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. 18.5 ലക്ഷം കുട്ടികളുടെ ഭാവി വെച്ച് പന്താടിയ ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.


