മുവാറ്റുപുഴ: വ്യാജ സെലക്ഷൻ ട്രയൽ നടത്തി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഗ്രേസ് മാർക്ക് നൽകുന്ന മാഫിയ സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ചില വ്യാപജ സംഘടനകൾ “സെലക്ഷൻ ട്രയൽ” എന്ന പേരിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികൾക്ക് അനർഹമായി ഗ്രേസ് മാർക്ക് നേടിക്കൊടുക്കുകയാണ് വ്യാജ സംഘടനകളുടെ നേതാക്കളടങ്ങുന്ന മാഫിയ സംഘം.
അംഗീകാരമില്ലാത്ത സംഘടനകൾ നടത്തുന്ന സെലക്ഷൻ ട്രയൽ വ്യാപകമായ ക്രമക്കേടുകൾക്കാണ് കാരണമാകുന്നത്. അതുവഴി അനർഹരായവർക്ക് കൂടുതൽ മാർക്കും ആനുകൂല്യങ്ങളും ലഭിക്കുമെന്നും ഔദ്യോഗിക സംഘടനകൾ പറയുന്നു.
ജില്ലാ ചാമ്പ്യൻഷിപ്പും സംസ്ഥാന ചാമ്പ്യൻഷിപ്പും വഴിയുള്ള ഔദ്യോഗിക മത്സര സംവിധാനത്തിലൂടെ മാത്രം തെരഞ്ഞെടുപ്പ് നടത്തി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും ബന്ധപ്പെട്ട ജില്ലാ സ്പോർട്സ് കൗൺസിലുകളും അംഗീകരിച്ച അസോസിയേഷനുകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ ഗ്രേസ് മാർക്ക് അനുവദിക്കാവൂ എന്നാണ് ഔദ്യോഗിക സംഘടനകളുടെ ആവശ്യം


