കോഴിക്കോട് ചെലവൂരില്‍ അരുംകൊല. പതിനാറുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയും കൊല്ലപ്പെട്ട നസ്രീനയുടെ ബന്ധുവുമായ അദിനാനെ അതേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരില്‍ നാടിനെ നടുക്കിയ കൊലപാതകം. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കള്ളന് കയറിയെന്ന് ആണ് ആദ്യം കരുതിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെലവൂര്‍ സ്വദേശിനി 16 കാരിയായ നസ്റീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ കൊളത്തറ സ്വദേശി അദിനാനാണ് ക്രൂരകൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു.


