98-ാമത് അക്കാദമി അവാര്‍ഡ്സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി കാറ്റഗറികളിലായാണ് ഈ രണ്ട് നോമിനേഷനുകള്‍. വളരെ അപൂര്‍വം ഫിലിംമേക്കേര്‍സിന് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്. നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങിയ ഗീതയുടെ പെര്‍ഫെക്ട് നൈബര്‍ ബെസ്റ്റ് ഡോക്യുമെന്റി ഫീച്ചര്‍ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍ ദി ഡെവിള്‍ ഈസ് ബിസി ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ടിലേക്കാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. എങ്കിലും ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇവര്‍ക്ക് പുരസ്കാരം നേടാന്‍ സാധിച്ചില്ലെന്നത് ഇന്ത്യക്കാര്‍ക്ക് ഒരു നേരിയ നിരാശ സമ്മാനിക്കുന്നുണ്ട്.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടുകയും ലോകത്തിന്റെ പല കോണുകളില്‍ നിന്നും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ഡോക്യുമെന്ററിയാണ് നെറ്റ്ഫ്ളിക്സിലൂടെ 2025ല്‍ ഒക്ടോബറില്‍ പുറത്തെത്തിയ ദി പെര്‍ഫെക്ട് നൈബര്‍. ഫ്ളോറിഡയില്‍ നടന്ന അജികെ കൊലപാതകത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്. എച്ച്ബിഒ മാക്സിലൂടെ പുറത്തെത്തിയ ദി ഡെവിള്‍ ഈസ് ബിസി എന്ന ഡോക്യുമെന്ററി അമേരിക്കയിലെ ഗര്‍ഭച്ഛിദ്ര നിരോധനത്തെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. യുക്രൈന് യുദ്ധപശ്ചാത്തലത്തില്‍ തയ്യാറാക്കിയ മിസ്റ്റര്‍ നോബഡി എഗെയ്ന്‍സ്റ്റ് പുടിന് ആണ് ഇത്തവണ ബെസ്റ്റ് ഡോക്യുമെന്ററിക്കുള്ള ഓസ്കാര്‍ നേടിയത്.


