പാലക്കാട്: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റിമാൻഡിലായ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.
രാഹുലിനെ റിമാൻഡ് ചെയ്തില്ലെങ്കിൽ അതിജീവിതയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും പ്രതി ഹാബിച്വൽ ഒഫൻഡർ ആണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. മുൻ കേസുകളുടെ ക്രൈംനമ്പർ അടക്കം രേഖപ്പെടുത്തിയാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതിജീവിതയ്ക്കെതിരെ സൈബർ ആക്രമണ സാധ്യതയുണ്ടെന്നും മാനസിക സമ്മർദത്തിലാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് ആവശ്യങ്ങൾ മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.


