കനത്ത പുകമഞ്ഞിൽ ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞും തൊട്ടുമുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതുമാണ് അപകടം സംഭവിച്ചത്. ഡൽഹിയിലെ വായുഗുണ നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ തുടരുന്നു.
ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. കാഴ്ചാ പരിധി അങ്ങേയറ്റം കുറഞ്ഞതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. കൂട്ടിയിടിയെ തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഇത് മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
അപകടവും മരണവും സ്ഥിരീകരിച്ച ഡൽഹി എസ്എസ്പി ശ്ലോക് കുമാർ, രക്ഷാപ്രവർത്തനം ഊർജിതമാണെന്നും ഗതാഗതക്കുരുക്ക് മാറ്റാൻ ശ്രമം തുടരുകയാണെന്നും അറിയിച്ചു. ‘കടുത്ത പുകമഞ്ഞാണ് ഇവിടെ. ഒന്നും കാണാനാവാത്ത അവസ്ഥയാണ് ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിക്കാൻ കാരണം. കൂട്ടിയിടിയെ തുടർന്ന് കാറുകൾക്ക് തീപിടിക്കുകയും ചെയ്തു’- അദ്ദേഹം പറഞ്ഞു.


