തൃശൂര്‍ :വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി ബാലമുരുകൻ ആണ് സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. കൊലപാതകവും കവർച്ചയും ഉൾപ്പടെ 50ലധികം കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. തമിഴ്നാട്ടിലെ കേസുകളിൽ കോടതി നടപടികൾ പൂർത്തിയാക്കി തൃശൂർ വിയ്യൂർ ജയിലിലേക്ക് തിരിച്ചെത്തുമ്പോഴാണ് പ്രതി ചാടി പോയത്.
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് അമ്പത് മീറ്റർ അകലെ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ബാലമുരുഗൻ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതി ചാടിപ്പോയതിൽ ബാലമുരുഗനെ തിരികെ കൊണ്ടുവന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന സംശയവും ഉയരുന്നു. പ്രതി ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്തിയതിലും കൈവിലങ്ങ് മാറ്റിയത്തിലും വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കടന്നുകളഞ്ഞെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.
സംഭവത്തിൽ തമിഴ്നാട് പൊലീസിന് വീഴ്ച പറ്റിയതായാണ് പ്രാഥമിക നിഗമനം. ആലത്തൂരിൽ നിന്നും പ്രതിക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം കൈവിലങ്ങുകൾ അണിയിച്ചിരുന്നില്ല. പ്രതി പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് കൂടെ ഇറങ്ങിയത്.വിയ്യൂർ ജയിൽ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രതിയെ പുറത്തിറക്കിയത്.


