തൃശൂരില്‍ കരുണാകരന് അനുസ്മരണ യോഗത്തില്‍ ചെന്നിത്തലയെ എടുത്തിട്ട് കുടഞ്ഞ് കെ.ശങ്കരനാരായണന്. ഒറ്റയ്ക്ക് പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ തൊപ്പി ഊരി വെയ്ക്കണം. കരുണാകരന്റെ ശിഷ്യനാണെന്നാണ് പറയാറുള്ളത്. ശിഷ്യരായതുകൊണ്ട് ഗുരുവിന്റെ ഗുണം കിട്ടില്ല. ഒരു ശതമാനം പോലും ഉള്ളതായി തോന്നുന്നുമില്ലന്നും അദ്ധേഹം പറഞ്ഞു.
ഭരണകക്ഷിയെ എതിര്‍ക്കുകയാണ് പ്രതിപക്ഷത്തിന്റെ ചുമതല. എന്നാല്‍ ഭരിക്കാന്‍ വരേണ്ടിവരുമെന്ന ചിന്തയില്‍ കൂടി വേണം വിമര്‍ശനം നടത്താനെന്ന സൂചനകളോടെയായിരുന്നു ചെന്നിത്തലയുടെ പേരെടുത്ത് പറയാതെയുള്ള പ്രസംഗം. തനിക്ക് മീതെ ആരുമില്ലെന്ന് കരുതി പ്രവര്‍ത്തിക്കരുത്. അതിനുള്ള ഉയരമുണ്ടോ എന്ന് തിരിച്ചറിയണമെന്ന് പരിഹാസരൂപേണ ചെന്നിത്തലയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ഇരിക്കുന്ന കസേര എതാണെന്ന് അറിയണം. കസേരയ്ക്ക് അറിയില്ല ആരാണ് ഇരിക്കുന്നതെന്ന്. അതറിയുന്ന നേതാവായിരുന്നു കരുണാകരനെന്ന് ഓര്‍മ്മപ്പെടുത്തി ശങ്കരനാരായണന് പറഞ്ഞു. എ.കെ ആന്റണിയും കെ. കരുണാകരനും ഗ്രൂപ്പ് രാഷ്ട്രീയം നയിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വളരുകയായിരുന്നു. ഇന്ന് ഗ്രൂപ്പ് പ്രവര്‍ത്തനം ഐസ് വെയിലത്ത് വെച്ചതുപോലെയാണെന്നും ശങ്കരനാരായണന് വിമര്‍ശിച്ചു.
വനിതാമതിലിന്റെ ജീവന് പത്ത് മിനിറ്റ് മാത്രമാണ്. അത് തന്നെ പൊളിഞ്ഞുപോകും. അതിനിത്ര സമയം ചെലവാക്കേണ്ട കാര്യമില്ല. അതുകൊണ്ട് മതിലിന്റെ ശക്തി കൂടുകയുമില്ല, കുറയുകയുമില്ല.


