സിനിമയിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഉഷ. വരും തലമുറയ്ക്ക് ജോലി ചെയ്യാൻ സാധിക്കണം. പരാതി നൽകാൻ തയാറാകണം. സർക്കാർ നടപടി സ്വീകരിക്കണം. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാണെന്നും പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകണമെന്നും ഉഷ മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു.
എനിക്കും മോശം അനുഭവം ഉണ്ടായി. ഒരു സംവിധായകൻ മോശമായി പെരുമാറി. പ്രതികരിച്ചതിന് അകറ്റി നിർത്തി. അതിന് ശേഷം എല്ലാവർക്കും എന്നോട് അങ്ങനെ സംസാരിക്കാൻ ഭയമുണ്ട്. എന്നാൽ എല്ലാവരും ഇങ്ങനെയുള്ളവരല്ല, ചില ആൾക്കാർ. സിനിമ മേഖല മൊത്തം ഇത്തരത്തിലുള്ള ആൾക്കാരാണെന്ന് പറയാൻ സാധിക്കില്ല. ഈ റിപ്പോർട്ടിൽ സർക്കാർ ഇടപെടണം. റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ളവർ ചില സംഘടനകളിലൊക്കെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരൊക്കെയുണ്ട്. അത്തരക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അവർ പിന്നെയും ഇത് തന്നെയല്ലേ തുടരുക? അവർക്കെതിരെ നടപടി എടുക്കണമെന്നും അവരെ മാറ്റിനിർത്തണമെന്നുമാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പെൺകുട്ടികൾ പരാതി കൊടുക്കാൻ തയ്യാറാകണം. ഇല്ലെങ്കിൽ ഇതുപോലെയുള്ള കാര്യങ്ങൾ തുടരും.”
പണ്ടൊക്കെ ജീവിക്കാൻ വേണ്ടിയാണ് പലരും സിനിമയിലേക്ക് വരുന്നത്. ഇന്നല്ലേ സോഷ്യൽ മീഡിയ വന്നത്. ഇപ്പോൾ സിനിമയിലേക്ക് കടന്ന് വരുന്ന പെൺകുട്ടികൾ വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണ്. അവരോടൊക്കെ മോശമായി ഇടപെട്ടപ്പോൾ അവർ പ്രതികരിച്ചു. അങ്ങനെയാണ് ഈ ചൂഷണങ്ങളൊക്കെ പുറംലോകം അറിഞ്ഞു തുടങ്ങിയതെന്നും ഉഷ പറഞ്ഞു.


