ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി. ഇത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്.
കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ച് മനസിലാക്കി നടപ്പിലാക്കാന്‍ ശ്രമിക്കും. റിപ്പോര്‍ട്ടിന്റെ അര്‍ഥം മനസ്സിലാക്കിയ എല്ലാവരോടും ഡബ്ല്യുസിസി അംഗമെന്ന നിലയില്‍ നന്ദിയുണ്ട്. സമൂഹത്തില്‍ ഞങ്ങള്‍ക്ക് ഐഡന്റിറ്റി നല്കിയ സിനിമാ വ്യവസായത്തിലെ സുരക്ഷിതത്വത്തിനും ഉന്നതിക്കും വേണ്ടിയുള്ള പരിശ്രമം തുടരും’–രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ വെളിപ്പെടുത്തൽ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോർട്ടെന്ന് കത്തിൽ ആവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ ഒറ്റ നയമാണുള്ളത്. ഒരു തരത്തിലും റിപ്പോർട്ട് പുറത്ത് വരുന്നതിന് സർക്കാർ എതിരല്ല. സാക്ഷികളുടെ വിശ്വാസം പൂർണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


