ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കുട്ടികൾക്കായി കൊച്ചിയിൽ നിന്ന് ഒരു കളിപ്പാട്ടവണ്ടി. ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് നല്‍കാനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കുകയാണ് കേരള പേജ് അഡ്മിൻസ്.. സിനിമാതാരങ്ങളായ തെസ്നി ഗാൻ്റിൻ്റെയും സോഹൻ സീനു ലാലിൻ്റെയും സാന്നിധ്യത്തിലാണ് കളിപ്പാട്ടവണ്ടി വയനാട്ടിലേക്ക് യാത്രതിരിച്ചത്.സമൂഹമാധ്യമ പേജുകളിലെ അഡ്മിന്മാരുടെ കൂട്ടായ്മയാണ് കേരള പേജ് അഡ്മിന്‍സ്. 117 അംഗങ്ങളുള്ള കൂട്ടായ്മ ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങളുമായാണ് വയനാട്ടിലേക്ക് പുറപ്പെടുന്നത്.
ഉരുൾപൊട്ടലിൽ വീടും കുടുംബവും നഷ്ടപ്പെട്ട കുട്ടികളെ പരിചരിക്കുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും നിറവേറ്റുകയും ചെയ്യുകയാണ് ലക്ഷ്യം. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ സാമഗ്രികൾ കുട്ടികൾക്ക് നേരിട്ട് എത്തിക്കാവുന്നതാണ്.കളിപ്പാട്ടങ്ങൾക്ക് പുറമെ ഡയപ്പർ, പോഷകാഹാരങ്ങൾ, സോപ്പുകൾ തുടങ്ങിയവയെല്ലാം ഈ വണ്ടിയിലുണ്ട്. സിനിമാ താരങ്ങളായ തെസ്നി ഗാനും സോഹൻ സീനു ലാലും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.


