ഇന്നലെ മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ കനത്ത മഴയിലും കാറ്റിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കാറ്റ് വീശാൻ തുടങ്ങിയത്. കൽക്കണ്ട്, കേരളം തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റ് വ്യാപക നാശം വിതച്ചു. കൽക്കുണ്ടിൽ മാത്രം ഏക്കർ കണക്കിന് സ്ഥലത്തെ ജാതി, റബ്ബർ, കവുങ്ങ് മരങ്ങള്‍ കടപുഴകി. നിരവധി വൈദ്യുതി തൂണുകളും പൊട്ടിവീണു പലയിടത്തും ഗതാഗത തടസ്സമുണ്ടായി. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കേരളയിൽ സ്കൂളിന് സമീപം മരം പൊട്ടിവീണ് ഭീതി സൃഷ്ടിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി മാറ്റി. കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയാണ് കരുവാരകുണ്ട് മേഖലയിൽ പെയ്യുന്നത്.
ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും കേരളത്തിൽ 51.4 കോടി രൂപയുടെ നാശനഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായതെന്ന് കെഎസ്ഇബി അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ് അപ്രതീക്ഷിത മിന്നല്‍ ചുഴലിക്കാറ്റുകളുണ്ടാകുന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി.11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായെന്നും കെഎസ്ഇബി അറിയിച്ചു.


