കോഴിക്കോട്: അച്ഛന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. പാലാഴി മീത്തല്‍ സ്വദേശി രഞ്ജിത്താണ് (31) മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ അച്ഛൻ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ക്രിസ്മസ് തലേന്നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യപാനത്തെ തുടർന്നുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് നയിക്കുകയായിരുന്നു. തർക്കം മൂർഛിച്ചതോടെ അച്ഛൻ രാജേന്ദ്രൻ മകനെ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകൻ രഞ്ജിത്തിനെ പ്രദേശവാസികള്‍ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർനടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.


