കൊല്ലം: കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജിയെന്ന ആറ് വയസ്സുകാരിയെ കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലം റൂറല്‍ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തും. ഡിഐജി നിശാന്തിനി അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം തയ്യാറാക്കി. അബിഗേലിനെ കൂടി കാണിച്ച് ചിത്രം അന്തിമമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ച് കാറില്‍ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികള്‍ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. കെഎല്‍ 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന് പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതല്‍ കുട്ടിക്കായി പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു.