വൈ.അന്‍സാരി
ശബരിമല വിവാദവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ രാജിക്ക്..? സര്‍ക്കാര്‍ ഒറ്റപ്പെടുത്തുകയാണെന്ന് ആരോപണം. ശക്തമാവുന്നതിനിടെയാണ് പദ്മകുമാര്‍ രാജിവയ്ക്കാന്‍ നീക്കം തുടങ്ങിയത്. പത്തനംതിട്ടയില്‍ യോഗം നടത്തി മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ റിവ്യുഹര്‍ജി നല്കാന് ബോര്‍ഡ് ഒരുങ്ങുന്നതിനെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അപ്രീതിക്ക് പാത്രമായത് ഉറപ്പായതോടെയാണ് രാജി നീക്കവുമായി പദ്മകുമാര്‍ രംഗത്തുള്ളത്. ഇതിനിടെ സി.പി.ഐ പ്രതിനിധിയായ മെമ്പര്‍ ശങ്കര്‍ദാസിനെ മുന്‍നിറുത്തി ബോര്‍ഡ് പ്രസിഡന്റിന്റെ നീക്കളെല്ലാം സര്‍ക്കാര്‍ തകര്ക്കുകയാണന്ന ദേവസ്വം ബോര്‍ഡിലെ ഒരു വിഭാഗം ജീവനക്കാരുടെ ആരോപണങ്ങളും പുറത്തുവന്നു.
തന്ത്രി ഒരു ജീവനക്കാരന് മാത്രമാണെന്നും, അവരെ പുറത്താക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്നും ശങ്കര്‍ദാസ് പ്രതികരിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ റിവ്യുഹര്‍ജി നല്കാന് ബോര്‍ഡ് ഒരുക്കമല്ലെന്നും ശങ്കര്‍ദാസ് വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കനുകൂലമായ നിലപാടാണ് പദ്മകുമാര്‍ സ്വീകരിച്ചിരുന്നത്. ഇതില്‍ മുഖ്യമന്ത്രി നീരസവും പ്രകടിപ്പിച്ചിരുന്നു. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ പലവട്ടം പദ്മകുമാര്‍ ശ്രമിച്ചു.എന്നാല്‍ മുഖ്യമന്ത്രി അനുവാദം നല്‍കിയില്ല.. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗവും പ്രസിഡന്റിനെ ചൊടിപ്പിച്ചു. ഇത്തരത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തനിക്ക് താല്പര്യമില്ലെന്ന് ബന്ധപ്പെട്ടവരോട് പദ്മകുമാര്‍ പറയുകയും ചെയ്തിരുന്നുവത്രെ. ഇതിന് പിന്നാലെ പ്രത്യേക ദൂതന് വഴി സര്‍ക്കാരിന് രാജി നല്‍കിയെന്ന അഭ്യൂഹങ്ങളും പുറത്തുവന്നു കഴിഞ്ഞു.



