മൂവാറ്റുപുഴ: ബ്രാഹ്മണക്ഷേമ സഭയുടെ മുഖ്യരക്ഷാധികാരി ആയിരുന്ന എ.എ പി നമ്പൂതിരി സ്മാരക പ്രഥമചിന്താമണി പുരസ്കാരം ഹരീഷ് ആര് നമ്പൂതിരിപ്പാടിന് നല്കി. ഭാഷാ സാഹിത്യ മേഖലയില്‍ നടത്തി വരുന്നപ്രവര്ത്തനങ്ങളെ പരിഗണിച്ചാണ് കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയിലെ അംഗവും, രാമമംഗലം ഹൈസ്കൂള്‍, അധ്യാപകനും ബാലസാഹിത്യ കാരനുമായ ഹരീഷ് ആര് നമ്പൂതിരിപ്പാടിന് പുരസ്കാരംസമര്പ്പിച്ചത്.
കശ്യപ ദിനേശ് അധ്യക്ഷനായ ചടങ്ങില്‍ സഭ രക്ഷാധികാരി പിഎന്‍പി ഇളയത് 5001 രൂപയും പുരസ്കാരവും നല്കി. സെക്രട്ടറി ബിജു നാരായണന് നമ്പൂതിരി, ട്രഷറര്‍ വാസുദേവന്‍ നമ്പൂതിരി, ശിവദാസന്‍ നമ്പൂതിരി, ഇടമന വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലം മുതല്‍ നവ മാധ്യമങ്ങളില്‍ ചിന്തോദ്ദീപകമായ കഥകളെഴുതി സ്വന്തം ശബ്ദത്തില്‍ ഭാരതത്തിനകത്തും പുറത്തുമുള്ള മലയാളികളില്‍ എത്തിച്ച ഹരീഷ് ആര് നമ്പൂതിരിപ്പാടിന് വായന പൂര്‍ണിമ വിജ്ഞാന സമിതിയുടെ ഭാഷാഭിമാന പുരസ്കാരവും, കുന്നത്തുനാട് യോഗക്ഷേമസഭയുടെ എംആര്‍ മംഗലം സ്മാരക സാഹിത്യ പുരസ്കാരവും ലഭിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മൂവാറ്റുപുഴയില്‍ വച്ച് നടന്ന ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ്ടു വിജയികള്‍ക്കുള്ള പുരസ്കാരവും സമ്മാനിച്ചു.

