കൊച്ചി: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഡോ. റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിക്കുകയായിരുന്നു.
റുവൈസിന്റെ പാസ്പോര്‍ട്ട് പോലീസില്‍ നല്‍കണം. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്ന് നിരീക്ഷിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റീസ് പി. ഗോപിനാഥിന്റേതാണ് ഉത്തരവ്.
ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്.

