മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം ഇന്ന് തുടങ്ങും. അന്വേഷണ സംഘം താനൂരിലെത്തുന്ന കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയുടെ മൊഴി എടുക്കും.ഓഗസ്റ്റ് ഒന്നിന് പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കൊലപാതക കേസ്, കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിലെ അന്വേഷണ ചുമതല. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂര്‍ ക്യാമ്ബ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക.
ഇന്ന് മലപ്പുറത്ത് എത്തുന്ന സിബിഐ നേരത്തെ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കേസില്‍ കൊലപാതക കുറ്റം ചുമത്തി നാല് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് സംഘം പ്രതി പട്ടികയില്‍ ചേര്‍ത്തിരുന്നു. വൈകാതെ ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ കടക്കുമെന്നാണ് സൂചന.


