മൂവാറ്റുപുഴ: പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളിയുടെ മകന് മരിച്ചു, സഹോദരന് പരിക്കേറ്റ് ആശുപത്രിയില്‍. ആക്രി പെറുക്കി ജീവിക്കുന്ന പേഴക്കാപ്പിള്ളി ലബ്ബ കോളനിയില്‍ താമസിക്കുന്ന ആസാം സ്വദേശി സമയ്യ , ലാല്‍മിയ ദമ്പതികളുടെ മകന് റബ്ബുല്‍ ഹുസൈന് (12) ആണ് ദാരുണമായി മരിച്ചത്. ഹുസൈന്റെ ജേഷ്ട സഹോദരന് റാബിഖുല് ഹഖ് (13) നെ പരിക്കേറ്റ നിലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ആക്രി പെറുക്കാനിറങ്ങിയ സഹോദരങ്ങള്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. സിവില്‍ സ്റ്റേഷന് ഇ. ബി. ജംഗ്ഷന് റോഡില്‍ പാണ്ട്യാരപ്പള്ളി മസ്ജിദിന് സമീപം വച്ചാണ് അപകടം. നാട്ടുകാര്‍ ഹഖിന്റെ കരച്ചില് കേട്ട് ഓടിയെത്തി രണ്ടു പേരേയും പേഴക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹുസൈനെ രക്ഷിക്കാനായില്ല. വിദഗ്ദ ചികില്‍സക്കായി ഹഖിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഹുസൈന്റെ മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. റോഖിബൂര് (16), അഞ്ചറുള് (8) എന്നിവര്‍ ഹുസൈന്റെ സഹോദരങ്ങളാണ്. കഴിഞ്ഞ രാത്രിയിലാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.


